Kerala
ബാര്‍ കോഴ വിവാദം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ക്രൈംബ്രാഞ്ചിന്റെ ജവഹര്‍ നഗര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്ജുന് രാധാകൃഷ്ണന് നല്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു. വിവാദ ശബ്ദരേഖ വന്ന ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്ജുന് രാധാകൃഷ്ണനെന്ന് അന്വേഷണ സംഘം പറയുന്നു.
പിന്നീട് വാട്സ്ആപ്പ് അഡ്മിന് സ്ഥാനത്തു നിന്നും അര്ജുന് മാറിയെങ്കിലും ഗ്രൂപ്പ് അംഗമായി തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് അര്‍ജുനെ വിളിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്കാന് നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന് ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതാണ് വിവാദമായത്.
അര്ജുന് രാധാകൃഷ്ണന് നേരിട്ട് നോട്ടീസ് നല്‍കാനാണ് ഇന്നലെ ക്രൈംബ്രാഞ്ച് ശ്രമിച്ചത്. എന്നാല്‍ തനിക്ക് ബാര്‍ ബിസിനസ് ഇല്ലെന്ന് പറഞ്ഞ് അര്ജിന് നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇമെയിലായിട്ടാണ് അര്ജുന് രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. ബാര്‍കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.