കൽപ്പറ്റ: വയനാട്ടിലെ കേണിച്ചിറ എടക്കാടിൽ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. ‘തോൽപ്പെട്ടി 17’ എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങി പശുവിനെ ആക്രമിച്ചത്. പത്ത് വയസാണ് കടുവയുടെ പ്രായം. പിടിക്കാൻ സ്ഥാപിച്ച കൂടിനു സമീപത്തു കടുവയുടെ സാന്നിധ്യമുണ്ടെന്നു വനം വകുപ്പ് സ്ഥിരീകരിച്ചു.
രണ്ട് ദിവസം തുടർച്ചയായി പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കൊന്ന പശുവിന്റെ മാംസം കഴിക്കാൻ കടുവ വീണ്ടുമെത്തി. കൂട് സ്ഥാപിക്കാൻ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിലും കടുവ എത്തിയിരുന്നു.
വ്യാഴാഴ്ച ഇറങ്ങിയപ്പോൾ തെക്കേ പുന്നപ്പിള്ളിൽ വർഗീസിന്റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വർഗീസ് ഒച്ചവച്ചതോടെ കടുവ ഓടിപ്പോയി. ഇന്നലെ വൈകീട്ട് വീണ്ടും കടുവയെ കണ്ടതോടെയാണ് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചത്. പിന്നാലെയാണ് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്.