Kerala
‘ശശീന്ദ്രനോട് രാജിവെയ്ക്കാൻ ശരദ് പവാർ ആവശ്യപ്പെട്ടു’; താൻ ഉടൻ മന്ത്രിയാകുമെന്ന് തോമസ് കെ തോമസ്
കൊച്ചി: എ കെ ശശീന്ദ്രൻ ഉടൻ രാജിവെക്കുമെന്നും താൻ മന്ത്രിയാകുമെന്നും ആവർത്തിച്ച് തോമസ് കെ തോമസ് എംഎല്‍എ. എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ദേശീയ അധ്യക്ഷൻ ശരദ് പവാർ ആവശ്യപ്പെട്ടെന്നും രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമേ ഉണ്ടാകൂ എന്നും തോമസ് കെ തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസവും താൻ മന്ത്രിയാകുമെന്ന് ആവർത്തിച്ച് തോമസ് കെ തോമസ് രംഗത്തുവന്നിരുന്നു. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ആ കാര്യത്തിൽ തീരുമാനമാകുമെന്നാണ് പറഞ്ഞിരുന്നത്. രണ്ടര വർഷം ശശീന്ദ്രനും രണ്ടരവർഷം എനിക്കും എന്നതായിരുന്നു പവാർജിയുടെ തീരുമാനമെന്നും ആ തീരുമാനം നടപ്പിലാകുമെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. തുടർന്നാണ് ശരദ് പവാർ ഈ തീരുമാനം അംഗീകരിച്ചെന്ന് പറഞ്ഞും എ കെ ശശീന്ദ്രനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തി തോമസ് കെ തോമസ് രംഗത്തുവരുന്നത്.
പവാർ വഴങ്ങിയത് പി സി ചാക്കോയുടെ സമ്മർദ്ദത്തിലാണ്. എ കെ ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഈ വിഷയം സംബന്ധിച്ച് ശരദ് പവാറും പ്രകാശ് കാരാട്ടും തമ്മിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നും രാജി പ്രഖ്യാപനം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമേ ഉണ്ടാകുകയുള്ളൂ എന്നും തോമസ് കെ തോമസ് പറഞ്ഞു.