Kerala
തൊടുപുഴയില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു; പരിഭ്രാന്തിയില്‍ നാട്ടുകാര്‍
തൊടുപുഴ: കൂവപ്പള്ളിയില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പുലിയാണെന്നാണ് സംശയം. കൂവപ്പള്ളി സ്വദേശി മനോജിന്റെ ആടുകളെയാണ് ആക്രമിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. തീറ്റ കൊടുക്കാനായി ആടുകളെ പറമ്പിലേക്ക് അഴിച്ചുവിട്ട സമയത്താണ് അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണോ എന്ന കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാനുണ്ട്. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് എത്തിയത് പുലി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
എന്നാല്‍ ആടിന്റെ കടിയേറ്റ ഭാഗത്തുള്ള പല്ലിന്റെ ആഴം പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാകാനുള്ള സാധ്യതയില്ലെന്നാണ് നല്‍കുന്ന വിശദീകരണം. എങ്കിലും കാമറകള്‍ അടക്കം സ്ഥാപിച്ച് പുലിയാണോ വന്നത് എന്ന് ഉറപ്പാക്കാനാണ് വനംവകുപ്പിന്റെ നീക്കം. പുലിയാണ് എന്ന് സ്ഥിരീകരിച്ചാല്‍ പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് പറയുന്നു.
എന്നാല്‍ ആടിനെ കടിച്ചുകൊന്ന പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങള്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഇത് പുലി തന്നെയായിരിക്കുമെന്നാണ് കൂവപ്പള്ളിയിലുള്ള നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് 200 ഓളം കുടുംബങ്ങള്‍ ഉണ്ട്. കൂട് സ്ഥാപിച്ച് അജ്ഞാത ജീവിയെ ഉടന്‍ തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.