Kerala

മലയാളത്തിന്റെ അഭിനയ സമ്രാട്ട് തിലകൻവിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം

മലയാളത്തിന്റെ അഭിനയ സമ്രാട്ട് തിലകൻവിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷം.തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ശബ്ദ ഗാഭീര്യം കൊണ്ടും വികാര തരളിതമായ ഭാവാഭിനയം കൊണ്ടും മലയാളിയുടെ മനസ് കീഴടക്കിയ അതുല്യ നടൻ കാലയവനികക്കുള്ളിൽ മറഞ്ഞത് 2012 സെപ്റ്റംബർ 24 നായിരുന്നു. 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ആയിരുന്നു തിലകൻ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം.

സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18 ഓളം പ്രൊഫഷണൽ നാടക സംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു. 1973-ലാണ് തിലകൻ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്.

നാടകങ്ങളിലൂടെ തന്റെ കലാജീവിതം തുടങ്ങിയ തിലകൻ, 1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണസമയ നാടക നടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടക സമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയ യോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവ ഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.

1979 ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകൻ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.

യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ‘സീൻ ഒന്ന് – നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top