India
ആദ്യം ട്രെയിനിൽ നിരന്തര മോഷണം, ഇപ്പോൾ വിമാനത്തിൽ; പ്രതി അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ വിമാനങ്ങളിലെ യാത്രക്കാരിൽ നിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ട്രെയിനിലെ സ്ഥിരം മോഷ്ടാവായിരുന്ന രാജേഷ് കപൂറി(40)നെ ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 200 വിമാനങ്ങളിലായി സഹയാത്രികരുടെ ഹാൻഡ്‌ബാഗുകളിൽ നിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇയാൾ മോഷ്ടിച്ചുവെന്ന് പൊലീസ് പറഞ്ഞു. 2005 മുതൽ ഇയാൾ ഇത്തരം മോഷണങ്ങൾ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പഹർഗഞ്ചിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഐജിഐ) ഉഷാ രംഗ്‌നാനി പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ, ഈ ആഭരണങ്ങൾ വാങ്ങിയ ആളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ വിമാനങ്ങളിൽ മോഷണം നടത്തിയതായി രണ്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. പ്രതികളെ പിടികൂടാൻ ഐജിഐ എയർപോർട്ട് അധികൃതർ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഏപ്രിൽ 11ന് ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിനിടെ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ഒരു യാത്രക്കാരൻ പരാതിപ്പെട്ടിരുന്നു. ഫെബ്രുവരി രണ്ടിന് അമൃത്സറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു യാത്രക്കാരന് 20 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്.