പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രചാരണവിഷയങ്ങള്‍,വാദ പ്രതിവാദങ്ങള്‍,വിവാദങ്ങള്‍,പ്രതിരോധങ്ങള്‍,നേതാക്കളുടെയും പ്രവർത്തകരുടെയും കൂടുമാറ്റം തുടങ്ങി അത്യന്തം ആവേശം നിറഞ്ഞ പ്രചാരണം പരിസമാപ്തിയിലേക്ക്.പ്രചാരണത്തിന്റെ അവസാനലാപ്പില്‍ ബി.ജെ.പി സംസ്ഥാന നേതാവിനെ സ്വന്തം പാളയത്തിലെത്തിച്ച കോണ്‍ഗ്രസിന്റെ തന്ത്രം യു.ഡി.എഫിന് മേല്‍ക്കൈ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയെ ഇറക്കിയുള്ള ഇടതുമുന്നണിയുടെ പ്രചാരണത്തിന്റെ നിറംമങ്ങാൻ ഇത് കാരണമായി. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എൻ.ഡി.എയ്ക്ക് നഗരത്തിലെ വോട്ടുബാങ്കില്‍ ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു. കോണ്‍ഗ്രസിലെത്തിയ സന്ദീപ് ഇന്നലെ പാണക്കാട് പോയി തങ്ങളെ കണ്ടതിലൂടെ, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന് യു.ഡി.എഫ് കരുതുന്നു.
പാലക്കാട് നഗരസഭ, പിരായിരി, മാത്തൂർ മേഖലകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ 25 ശതമാനം ന്യൂനപക്ഷ വോട്ടുകളുണ്ട്. പി.എം.എ.വൈ പദ്ധതിവഴി 300ഓളം ന്യൂനപക്ഷ കുടുംബങ്ങള്‍ക്ക് വീടും അതിലേറെ കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷനും സൗജന്യ കുടിവെള്ള കണക്ഷനുമുള്പ്പെടെ നല്കിയതും നേട്ടമാകുമെന്ന് എൻ.ഡി.എ കരുതുന്നു. കോണ്‍ഗ്രസ് വിട്ട് ഇടതുകരയിലെത്തിയ ഡോ. പി. സരിൻ മണ്ഡലത്തിലെ പരമ്ബരാഗത കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളലുണ്ടാക്കും. പിരായിരി പോലുള്ള മേഖലകളിലെ മതനിരപേക്ഷ വോട്ടുകളും അടർത്തുമെന്നും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു.കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ നിഷേധ വോട്ടും ഇ. ശ്രീധരന് ലഭിച്ച നിഷ്പക്ഷ വോട്ടും ഇത്തവണ സരിന് ലഭിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് ശക്തമായ സംഘടനാ സംവിധാനമുള്ളിടത്ത് സ്ഥാനാർത്ഥി നാട്ടുകാരനെന്ന ഇമേജിലാണ് പ്രതീക്ഷ.ക്രോസ് വോട്ട്, ഡീല്‍, ട്രോളി വിവാദങ്ങള്‍ക്ക് കൂടുതല്‍ ആയുസുണ്ടായില്ല. ട്രോളി വിവാദത്തില്‍ ആസൂത്രണത്തിലെ മികവ് പദ്ധതി നടപ്പാക്കുന്നതില്‍ ഇല്ലാതിരുന്നത് എല്‍.ഡി.എഫിനും ബി.ജെ.പിക്കും തിരിച്ചടിയായി. സി.സി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തു വിട്ടെങ്കിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തല്‍.ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രചാരണം നയിക്കുന്നത്. പ്രതിപക്ഷ നേതാവും എം.എല്‍.എമാരും എം.പിമാരും ഉള്‍പ്പെടെ ആഴ്ചകളായി ക്യാമ്ബ് ചെയ്താണ് യു.ഡി.എഫിന്റെ പ്രചാരണം. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്ര നേതൃത്വവും നേരിട്ടിടപെട്ടാണ് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.