Kerala
തങ്കമണി സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ വാസ്തവിരുദ്ധം, ഒഴിവാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ദിലീപിനെ നായകനാക്കി ചിത്രീകരിക്കുന്ന തങ്കമണി എന്ന സിനിമയില്‍ നിന്ന് ബലാത്സംഗ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തങ്കമണി സ്വദേശി വി ആര്‍ ബിജുവാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്കു വരും.
ഇടുക്കി തങ്കമണിയില്‍ 1986-ലുണ്ടായ സംഭവം പ്രമേയമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തങ്കമണി. തങ്കമണി സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ പ്രദേശത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് വാസ്തവ വിരുദ്ധമാണെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
സിനിമയുടെ ടീസറില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങളാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെയൊരു ബലാത്സംഗം നടന്നതിന് തെളിവോ രേഖകളോ ഇല്ലാത്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് ഹര്‍ജിയില്‍ പറയുന്നു.