ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിന് ഇൻഡ്യ മുന്നണി കൺവീനറുടെ ചുമതല വാഗ്ദാനം ചെയ്തേക്കുമെന്ന് മുന്നണി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇത് സംബന്ധിച്ച് നിതീഷ് കുമാറുമായി ഓൺലൈൻ മീറ്റിങ്ങിൽ ചർച്ച ചെയ്യുമെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജയറാം രമേശ്, കെ സി വേണുഗോപാൽ മറ്റ് പാർട്ടികളിൽ നിന്നുള്ള രണ്ട് നേതാക്കൾ എന്നിവർ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കും. ഇൻഡ്യ സഖ്യത്തോടുള്ള അതൃപ്തി നിതീഷ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.

ഡിസംബർ 29 ന് ഡൽഹിയിൽ നടന്ന ജെഡിയു ദേശീയ എക്സിക്യൂട്ടീവിന് ശേഷം ബിഹാർ മുഖ്യമന്ത്രി ഇൻഡ്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ നിരാശപ്രകടിപ്പിച്ചിരുന്നു. തന്റെ നിർദ്ദേശങ്ങളൊന്നും ഗൗനിക്കുന്നില്ലെന്നും നിതീഷ് ആരോപിച്ചിരുന്നു.

