ഡൽഹി: ഇടഞ്ഞ് നിൽക്കുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെയും അനുനയിപ്പിക്കാൻ ഇന്ത്യ സഖ്യം. നിതീഷ് കുമാറുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സംസാരിക്കും. മമത ബാനർജിയുമായി മല്ലികാർജുൻ ഖർഗെ ബന്ധപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. ന്യായ് യാത്രയിൽ മമതയെ എത്തിക്കാനാണ് ഇൻഡ്യ സംഖ്യത്തിന്റെ ശ്രമം.
നിതീഷ് കുമാറുമായി ലാലു പ്രസാദ് യാദവ് ഇതിനോടകം ഫോണിൽ സംസാരിച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ എക്‌സില്‍ പങ്കുവെച്ച പോസ്റ്റും നീക്കിയിട്ടുണ്ട്. ഈ പോസ്റ്റിൽ നിതീഷ് കുമാറിന് അതൃപ്തിയുണ്ടായെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന വിവരം.