Kerala

മെസിയും സ്വപ്ന സംഘവും വരും! അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കും

തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാൻ എത്തുമെന്നു കായിക മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിന്റെ ക്ഷണം അർജന്റീന സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗഹൃദ ഫുട്ബോൾ കളിക്കുന്നതിന്റെ സാധ്യതകളും സംസ്ഥാനത്തിന്റെ ഫുട്ബോൾ വികസനത്തിൽ സഹ​കരിക്കാവുന്ന വിവിധ തലങ്ങളെ സംബന്ധിച്ചും അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ കുറിപ്പ്

ലിയോണൽ മെസ്സി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാർത്ത കേരളത്തിലെ ഫുട്ബാൾ പ്രേമികളിൽ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരിൽ സൃഷ്ടിച്ച നിരാശയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായത്. ഖത്തർ ലോകകപ്പ് സമയത്ത്‌ കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഇന്ന് നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.

അർജൻ്റീന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജൻ്റീന അറിയിച്ചു.

ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും അർജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാർത്ത വന്നപ്പോൾ മുതൽ നമ്മുടെ ആളുകൾ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്.

അർജന്റീന ദേശീയ ടീമിന്റെ ഇന്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് കെ എഫ് എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top