താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ ബാംഗ്ലൂരിൽ കണ്ടെത്തി. പതിമൂന്ന് വയസുകാരിയെ ബന്ധുവായ യുവാവിനൊപ്പമാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ ഉണ്ടെന്ന വിവരം കർണാടക പൊലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പൊലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പൊലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മാർച്ച് പതിനൊന്നാം തീയതി മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി. മകൾ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിൽ പറയുന്നത്.
സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

