Kerala
പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്; പ്രാദേശിക എസ്ഡിപിഐ പ്രവർത്തകർ എൻഐഎ നിരീക്ഷണത്തിൽ
മട്ടന്നൂർ: പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന് ഒളിവിൽ കഴിയാൻ സഹായം നൽകിയവരെ അന്വേഷിച്ച് എൻഐഎ. പ്രതിയെ പിടികൂടിയ മട്ടന്നൂർ ബേരത്ത് അന്വേഷണസംഘം വീണ്ടുമെത്തി. സവാദ് അറസ്റ്റിലായതോടെ ഒളിവിലായ സഹായി റിയാസിനെയും പ്രാദേശിക എസ് ഡി പി ഐ നേതാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. മട്ടന്നൂരിലെത്തുന്നതിന് മുൻപ് സവാദ് താമസിച്ച വളപട്ടണത്തും വിളക്കോടും പ്രാദേശിക സഹായം നൽകിയവരെ കേന്ദ്രീകരിച്ച് സമാനമായ അന്വേഷണം നടത്തുന്നുണ്ട്.
ഷാജഹാൻ എന്ന പേരിൽ ഒളിവിൽ കഴിയാൻ സവാദിന് പ്രാദേശിക സഹായം ലഭിച്ചു എന്ന കാര്യം എൻഐഎ സ്ഥിരീകരിച്ചിരുന്നു. സവാദ് അറസ്റ്റിലായതിന് തൊട്ടു പിന്നാലെ റിയാസ് ഒളിവിലായി. ഇയാൾ കേരളത്തിൽ നിന്നും കടന്നതായാണ് സൂചന. റിയാസിനെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അന്വേഷണസംഘം മട്ടന്നൂർ കുംഭംമൂലയിലെത്തിയിരുന്നു. പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ബേരത്തേക്ക് സവാദ് താമസം മാറ്റുന്നതിന് മുൻപ് ഇരിട്ടി വിളക്കോടാണ് താമസിച്ചിരുന്നത്.