Kerala

നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തില്‍ വിചാരണ ഇഴയുന്നു; കുറ്റപത്രം നല്‍കിയിട്ട് തന്നെ മൂന്നാണ്ട്

കേരളത്തെ പിടിച്ചുകുലുക്കിയ നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തില്‍ വിചാരണ അനന്തമായി നീളുന്നു. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, എന്‍ഐഎ തുടങ്ങിയ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ സമാന്തരമായി തട്ടുതകര്‍പ്പന്‍ അന്വേഷണം നടത്തിയിട്ടും കുറ്റപത്രം നല്‍കാന്‍ മാത്രമാണ് ഇതുവരെ കഴിഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നം വയ്ക്കാനും ഉപയോഗിച്ചത് ഇതേ സ്വര്‍ണക്കടത്ത് കേസായിരുന്നു. ‘സ്വര്‍ണക്കടത്ത് ഓഫീസ് എല്ലാവര്‍ക്കുമറിയാം’ എന്നാണ് മോദി പറഞ്ഞത്. ഇത്രയധികം വിവാദമായ കേസ് ഇപ്പോഴും പുകമറയ്ക്കുള്ളില്‍ തുടരുകയാണ്.

2021ല്‍ തന്നെ മൂന്ന് ഏജന്‍സികളും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. പക്ഷെ വിചാരണ നടപടികള്‍ക്ക് ഇതുവരെ തുടക്കമായില്ല. കോടതിയിലെ കേസുകളുടെ ആധിക്യം തന്നെയാണ് കള്ളക്കടത്ത് കേസ് വിചാരണ തുടങ്ങാന്‍ കാരണമാകുന്നത്. കസ്റ്റംസ്, ഇഡി, എന്‍ഐഎ ഏജന്‍സികള്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇഡി കേസ് മാത്രമാണ് പ്രതികള്‍ക്ക് പ്രശ്നം സൃഷ്ടിക്കുക.

സ്വര്‍ണം കടത്തിന് കള്ളപ്പണം വെളുപ്പിച്ചതിലുള്ള ഇഡി കേസ് മാത്രമാണ് പ്രതികള്‍ക്ക് കുരുക്കായി മാറുക. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ പ്രതികള്‍ക്ക് പിഴയടിച്ച് രക്ഷപ്പെടാന്‍ കഴിയും. അതിന് കുറ്റസമ്മതം നടത്തിയാല്‍ മതിയാകും. ദുബായില്‍ നിന്നും കവര്‍ച്ച നടത്തിയ സ്വര്‍ണമല്ല സ്വപ്ന സുരേഷും കൂട്ടാളികളും കടത്തിയത്.അതുകൊണ്ട് തന്നെ കേസിന് ക്രിമിനല്‍ സ്വഭാവമില്ല.

കള്ളക്കടത്തു തടയൽ നിയമപ്രകാരം 29 പ്രതികൾക്കെതിരെ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം സാമ്പത്തിക കുറ്റവിചാരണക്കോടതി 2022 മാർച്ചിൽ വിചാരണയ്ക്കു വച്ചിരുന്നു. പക്ഷെ വിചാരണ നീണ്ടുപോയി. കേസില്‍ എന്‍ഐഐ അന്വേഷണം വന്നെങ്കിലും സ്വര്‍ണക്കടത്തിന് തീവ്രവാദബന്ധമുണ്ടെന്നതിലുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുമില്ല. യുഎപിഎ ചുമത്തിയാണ് എന്‍ഐ 20 പ്രതികള്‍ക്ക് എതിരെയുള്ള കുറ്റപത്രം നല്‍കിയത്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരായിരുന്ന പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്,സന്ദീപ് നായർ, കെ.ടി.റമീസ്, റെബിൻസ് എന്നിവരാണു മുഖ്യപ്രതികൾ. ഇതിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് എന്‍ഐഎ അന്വേഷണം മുന്നോട്ടുനീക്കിയത്.

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും പ്രതിയാണ്. സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിലെ അന്നത്തെ അധികൃതര്‍ക്ക് ബന്ധമുണ്ടെങ്കിലും നയതന്ത്രകുരുക്കുകള്‍ ഉള്ളതിനാല്‍ അന്വേഷണം ആ രീതിയില്‍ മുന്നോട്ട് പോയതുമില്ല. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല.

2019 നവംബർ മുതൽ 2020 ജൂൺ 30 വരെയാണു നയതന്ത്രചാനല്‍ വഴിയുള്ള സ്വർണക്കടത്തു നടന്നത്. 167 കിലോഗ്രാം സ്വർണമാണ് കടത്തിയത്. 21 തവണയായി കടത്തി എന്നാണ് കേസ്. ജൂൺ 30നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് 30 കിലോഗ്രാം സ്വർണമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top