തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ നിന്നുള്ള ചിത്രമെന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന് പങ്കുവെച്ചത് ഉത്തരേന്ത്യയില്‍ നിന്നുള്ള ചിത്രം. ‘കൊച്ചുകുട്ടികള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ആവേശത്തോടെ, തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണം കൊഴുക്കുന്നു.’ എന്ന ക്യാപ്ഷനിലാണ് ചിത്രം പങ്കുവെച്ചത്. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ചിത്രം പിന്‍വലിക്കേണ്ടി വന്നു. ഒറ്റനോട്ടത്തില്‍ തന്നെ തൃശൂരിലേതല്ലായെന്ന് വ്യക്തമാവുന്ന ചിത്രമാണ് അധ്യക്ഷന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്.
ഇത് ആദ്യമായല്ല പാര്‍ട്ടി അധ്യക്ഷന്‍ സോഷ്യല്‍ മീഡിയയിലൂടെ ‘പണികിട്ടുന്നത്.’ കെ സുരേന്ദ്രന് നയിച്ച കേരള പദയാത്രയിലെ പാട്ട് മാറിപോയതും വലിയ തിരിച്ചടിയായിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പാട്ടായിരുന്നു പദയാത്രയില്‍ പ്ലേ ചെയ്തത്. അമളി പറ്റിയത് തിരിച്ചറിഞ്ഞതോടെ തിരുത്തിയെങ്കിലും സുരേന്ദ്രന്റെ ആവശ്യപ്രകാരം കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ നടപടിയെടുക്കണമെന്ന സുരേന്ദ്രന്റെ ആവശ്യത്തില്‍ അതൊരു അബദ്ധമായിരുന്നുവെന്നും നടപടി ആവശ്യമില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ അറിയിക്കുകയായിരുന്നു.