ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
‘ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’- സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. പഠിച്ച് മന്നൻ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നൽകും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.