Kerala
സുരേഷ് ഗോപിയുടെ കുടുംബ വീട്ടിലെ മോഷണം, രണ്ട് പേർ കസ്റ്റഡിയിൽ
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കൊല്ലം മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. കൊല്ലം ഇരവിപുരം സ്വദേശികളായ അരുണ്‍, ഷിംനാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദര പുത്രനും കുടുംബവും വീട്ടിൽ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. ഇവർ വീട്ടിൽ എത്തിയപ്പോൾ രണ്ടു പേർ മതിൽ ചാടി കടന്നു പോകുന്നത് കണ്ടു.
പിന്നീട് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളും മോഷണം പോയതായി കണ്ടെത്തി. ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.