തൃശൂര്‍: ലൂര്‍ദ് മാതാ പള്ളിയിലെത്തി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായാണ് അദ്ദേഹം ഇവിടെയെത്തിയത്. അല്‍പസമയം അവിടെചെലവഴിച്ചശേഷം അദ്ദേഹം മടങ്ങി.
വിജയത്തിനുള്ള നന്ദി ഹൃദയത്തിലാണെന്നും അത് ഉത്പന്നങ്ങളിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്തിപരമായ നിര്‍വ്വഹണത്തിന്റെ മുദ്രകള്‍ മാത്രമാണ് ഇത്. മുന്‍പ്, കുടുംബവുമായാണല്ലോ പള്ളിയില്‍ എത്തിയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഓര്‍മിപ്പിക്കേണ്ട എന്നായിരുന്നു മറുപടി.
മകളുടെ വിവാഹത്തിന് മുന്നോടിയായി സുരേഷ് ഗോപി കുടുംബസമേതം പള്ളിയിലെത്തി ലൂര്‍ദ് മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ചിരുന്നു. പിന്നീട് ഇതേ വന്‍വിവാദത്തിന് കാരണമായി. നല്‍കിയ സ്വര്‍ണ കീരിടം ചെമ്പില്‍ പൂശിയതെന്നായിരുന്നു ആക്ഷേപം. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ സുരേഷ് ഗോപി രംഗത്തുവരികയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.