തിരുവനന്തപുരം: ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ കൂടുതല്‍ വോട്ട് നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും രാഷ്ട്രീയക്കാരനല്ലാത്തതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകള്‍ മുഴുവനായി കിട്ടാന്‍ ഒരു സാധ്യതയുമില്ല. മുന്നണി നിര്‍ദ്ദേശം പാലിച്ചാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് മേടിച്ചാല്‍ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട്ട് ശോഭ മേടിച്ചാല്‍ അതിന്റെ ഗുണം വേണുഗോപാലിനു കിട്ടും. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.