India
കേസ് എടുക്കാന്‍ എന്തുകൊണ്ട് വൈകി?; ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചു; ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുടെ പ്രശ്‌നമാണെന്നുംചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, തൊഴില്‍ ഇടങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ അവര്‍ക്ക് തുല്യത നിഷേധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ കാലതാമസം വരുത്തിയ ബംഗാള്‍ സാര്‍ക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആശുപത്രി അധികൃതര്‍ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു.
പുലര്‍ച്ചെയാണ് ക്രൂരകൃത്യം നടന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയായി മാറ്റാന്‍ ശ്രമിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കൊല്‍ക്കത്ത പൊലീസിനെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. എങ്ങനെയാണ് ജനക്കൂട്ടം ആശുപത്രിയിലെത്തിയതെന്നും കോടതി ചോദിച്ചു. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം പരിശോധിക്കെ എങ്ങനെയാണ് ഉടന്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ നിയമിച്ചതെന്നും ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം പ്രതിഷേധക്കാരുടെ മേല്‍ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. മിക്ക യുവഡോക്ടര്‍മാരും 36 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും ജോലിസ്ഥലത്ത് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാന്‍ ദേശീയ പ്രോട്ടോക്കോള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.