Kerala
‘കോച്ചിംഗ് സെന്‍ററുകൾ മരണ അറകളായി മാറി, കുട്ടികളുടെ ജീവൻ വെച്ച് കളിക്കുന്നു’: രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ദില്ലി: സിവിൽ സർവ്വീസ് കോച്ചിംഗ് സെന്‍ററിൽ വെള്ളക്കെട്ടിൽ മുങ്ങി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കോച്ചിംഗ് സെന്‍ററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു. കോച്ചിംഗ് സെന്‍ററുകൾ മരണ അറകളായെന്നും കുട്ടികളുടെ ജീവൻ വെച്ച് കളിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര – ഡൽഹി സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.
ദില്ലിയിൽ മാത്രം നൂറുകണക്കിന് കോച്ചിംഗ് സെന്‍ററുകളുണ്ട്. സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് കോർപ്പറേഷനോട് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു- “ഈ സ്ഥലങ്ങൾ മരണ മുറികളായി മാറിയിരിക്കുന്നു. സുരക്ഷിതത്വവും അടിസ്ഥാന മാനദണ്ഡങ്ങളും പൂർണ്ണമായി പാലിക്കുന്നില്ലെങ്കിൽ പരിശീലന കേന്ദ്രങ്ങൾ ഓൺലൈനായി പ്രവർത്തിക്കുന്നതാണ് നല്ലത്. ഈ കോച്ചിംഗ് സെന്‍ററുകൾ വിദ്യാർത്ഥികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്”- ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവർ പറഞ്ഞു.
ശരിയായ വായുസഞ്ചാരവും കയറാനും ഇറങ്ങാനും സുരക്ഷിതമായ വാതിലുകളും വേണം. ഫയർ സേഫ്റ്റി പരിശോധന പാസാകാത്ത എല്ലാ സെന്‍ററുകളും അടച്ചുപൂട്ടണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജി നൽകിയതിന് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറേഷന് സുപ്രീം കോടതി ഒരു ലക്ഷം പിഴ ചുമത്തി. ഇതുവരെ നാൽപ്പതോളം സെന്‍ററുകൾ അടച്ചുപൂട്ടി.
രജീന്ദർ നഗറിലെ റാവു സിവിൽ സർവീസ് അക്കാദമിയിലെ അപകടത്തിൽ മലയാളിയായ നെവിൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെന്‍റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു.