Politics

ക്ഷേത്രമാണെങ്കിലും ദർഗയാണെങ്കിലും പൊളിച്ചുമാറ്റണം; മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം പൊതുസുരക്ഷക്കെന്ന് സുപ്രീം കോടതി

റോഡുകൾ, ജലാശയങ്ങൾ, നടപ്പാതകൾ, റെയിൽവേ ഭൂമികൾ എന്നിവ കയ്യേറിയുള്ള മതപരമായ നിർമിതികളേക്കാൾ പ്രാധാന്യം പൊതുസുരക്ഷക്കാണെന്ന് സുപ്രീം കോടതി. ക്രിമിനൽ കേസുകളിൽ പ്രതികളായവരുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഭരണകൂടം ഇടിച്ചുനിരത്തുന്നതിന് എതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. മത വിശ്വാസങ്ങൾ പരിഗണിക്കാതെ തന്നെ എല്ലാ പൗരന്മാർക്കും ഒരേപോലെ നീതി ലഭിക്കേണമെന്നും കോടതി ആവശ്യപ്പെട്ടു. കയ്യേറി നിർമിച്ച ക്ഷേത്രമായാലും ദർഗയായാലും അത് നീക്കം ചെയ്യണം. പൊതു സുരക്ഷയാണ് പരമപ്രധാനമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നടപടികൾക്ക് എതിരെയാണ് ഹർജി സമർപ്പിച്ചിരുന്നത്. ബലാത്സംഗം, തീവ്രവാദം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാവുന്നവരുടെ വീടുകളാണ് പൊളിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ മുൻകൂർ അറിയിപ്പ് നൽകാതെ നടപടി സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ല. തപാൽ മാർഗം നോട്ടീസ് നൽകുന്നതിൻ്റെയടക്കം ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അനുമതിയില്ലാതെ രാജ്യത്ത് ഇനി ബുൾഡോസർ രാജ് നടപ്പാക്കരുതെന്ന് സുപ്രീം കോടതി ഈ മാസം 17ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി അറിയിച്ചിരുന്നു. ഉത്തരവ് മറികടന്ന് ബുള്‍ഡോസർ നടപടി തുടർന്ന അസം സർക്കാരിനെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ഹർജികൾ തീർപ്പാക്കുംവരെ നടപടികളൊന്നും കൈക്കൊള്ളില്ലെന്ന് അസം അഡ്വക്കേറ്റ് ജനറൽ ഗുവാഹത്തി ഹൈക്കാടതിയിൽ പറഞ്ഞിരുന്നു. ഇത് നടപ്പായില്ലെന്ന് ചൂടിക്കാട്ടി അസം സ്വദേശികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കാംരൂപ് ജില്ലയിലെ കചുടോലി പതർ ഗ്രാമത്തിനും പരിസരത്തുമുള്ള 47 വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിലാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top