ഡല്‍ഹി: ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശങ്ങള്‍ നടത്തിയ അലഹബാദ് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി.

കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.
ഇര അപകടം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവര്‍ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഉത്തരവിനെതിരായ സുവോമോട്ടോ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം.

