ന്യൂഡൽഹി: ഒൻപത് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം സുനിത വില്യംസ് മടങ്ങിയെത്തിയതിൽ സന്തോഷം അറിയിച്ച് കുടുംബം. ‘ആ നിമിഷം അവിശ്വസനീയമായിരുന്നു’ എന്നാണ് സുനിത വില്യംസിൻ്റെ സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അധികം വൈകാതെ സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്നും ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചു. ‘കൃത്യമായി എന്നാണെന്ന് തീയതി പറയാൻ കഴിയില്ല. പക്ഷെ തീർച്ചയായും സുനിത ഇന്ത്യയിലെത്തും. ഈ വർഷം തന്നെ അതുണ്ടാകുമെന്നാണ് കരുതുന്നത്’ എന്നായിരുന്നു ഫാൽഗുനി പാണ്ഡ്യയുടെ പ്രതികരണം. ‘ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സ്നേഹത്തെക്കുറിച്ച് സുനിതയ്ക്ക് അറിയാം. എനിക്കുറപ്പാണ് സുനിത ഇന്ത്യയിലേയ്ക്ക് വരുമെന്ന്. എപ്പോൾ എന്നത് മാത്രമാണ് വിഷയ’മെന്നും ഫാൽഗുനി പാണ്ഡ്യ വ്യക്തമാക്കി.
അവധിക്കാലം ഒരുമിച്ച് ആഘോഷിക്കുമെന്നും കുടുംബവുമൊത്തുള്ള സമയത്തിനായി കാത്തിരിക്കുകയാണെന്നും സുനിതയുടെ സഹോദര ഭാര്യ വ്യക്തമാക്കി.

