Kerala
സുധാകരന് തിരുത്തേണ്ടി വരും; കോണ്‍ഗ്രസില്‍ അഞ്ച് ഗ്രൂപ്പുണ്ട്; തുറന്നടിപ്പ് സുധീരന്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ തള്ളി വിഎം സുധീരന്‍. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുധാകരന്‍ താന്‍ പാര്‍ട്ടി വിട്ടെന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു. മറ്റേതൊരു കാര്യത്തെയും പോലെ സുധാകരന് ഇതും തിരുത്തേണ്ടി വരുമെന്ന് സുധീരന്‍ പറഞ്ഞു. വിഡി സതീശനും കെ സുധാകരനും ചുമതലയേറ്റെടുത്തപ്പോള്‍ സ്വാഗതം ചെയ്തയാളാണ് താന്‍.
അന്നത്തെ വാര്‍ത്താക്കുറിപ്പും ഫേസ്ബുക്ക് പോസ്റ്റും നോക്കിയാല്‍ അക്കാര്യം മനസ്സിലാക്കാം. അവരുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം വരുമ്പോള്‍ അന്നേവരെ കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന ഗ്രൂപ്പധിഷ്ഠിതമായ സംഘടനാശൈലിക്ക് സമൂലമായ മാറ്റം വരുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനാധിപത്യവിശ്വാസികള്‍ക്കും അത് തന്നെയാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും സുധീരന്‍ തുറന്നടിച്ചു.
ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരം, ജയസാധ്യതയോ ജനസ്വീകാര്യതയോ നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ഇതെല്ലാം തന്നെ ദുഃഖിതനാക്കിയെങ്കിലും സുധാകരനിലൂടെയും സതീശനിലൂടെയും മാറുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഎം സുധീരന്‍ പറഞ്ഞു.