Politics

പൊലീസ് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെ, എന്നും സിപിഐഎം സംരക്ഷണമുണ്ടാകുമെന്ന് കരുതേണ്ട: സുധാകരൻ

കണ്ണൂർ: കേരള പൊലീസിനെതിരെ കടുത്ത ഭാഷയിൽ വിമ‍ർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസ് പിണറായി ഭരണത്തിന്റെ കീഴിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ് പൊതുജങ്ങളോട് പെരുമാറുന്നതെന്നാണ് ഫേസ്ബുക്കിൽ സുധാകരൻ ആരോപിച്ചത്. പത്തനംതിട്ട തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളടക്കം എടുത്തുപറഞ്ഞാണ് സുധാകരന്റെ പ്രതികരണം. തുമ്പമണ്ണിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്ത് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാനുള്ള സിപിഐഎം ഗൂഢാലോചനക്ക് സംരക്ഷണമൊരുക്കുകയുമാണ് പൊലീസ് ചെയ്തതെന്ന് സുധാകരൻ ആരോപിച്ചു.

പൊലീസിലെ ഒരുപറ്റം ക്രിമിനില്‍ രാഷ്ട്രീയ സ്വഭാവമുള്ള ഉദ്യോഗസ്ഥരാണ് ഇടതുസര്‍ക്കാരിന് വേണ്ടി ഗുണ്ടാ കൊട്ടേഷന്‍ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിണറായി വിജയനും സിപിഐഎമ്മിനും അടിമപ്പണിക്ക് ഇറങ്ങുന്ന പൊലീസുകാര്‍ക്ക് എക്കാലവും അവരുടെ സംരക്ഷണം ഉണ്ടാകുമെന്ന് കരുതരുതെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്…

പത്തനംതിട്ട തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി കള്ളവോട്ട് ചെയ്യാനെത്തിയത് ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് ആക്രമിച്ചിരിക്കുന്നു. ദേശീയ പാതയില്‍ കായംകുളത്ത് ഉയരപ്പാത നിര്‍മിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ച് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വീട് അര്‍ധരാത്രിയില്‍ ചവിട്ടിപ്പൊളിച്ച പോലീസ് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

ജനകീയ സമരങ്ങളെയും തങ്ങളുടെ പാരമ്പര്യമായ കള്ളവോട്ട് രാഷ്ട്രീയത്തെയും എതിർക്കുന്നവരെ പോലീസ് അതിക്രമം കൊണ്ട് നിശബ്ദരാക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് ഒത്താശ ചെയ്യുന്ന പോലീസ് പിണറായി ഭരണത്തിൻ കീഴിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ് പൊതുജങ്ങളോട് പെരുമാറുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ച നടന്ന തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി വരി നില്‍ക്കുന്ന ദൃശ്യം പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതിനെതിരെ പ്രതിക്ഷേധിച്ചവരെ അടിച്ചോടിക്കുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച് വ്യാപകമായി കള്ളവോട്ട് ചെയ്ത് സഹകരണ ബാങ്കിന്റെ ഭരണം പിടിക്കാനുള്ള സി.പി.എം ഗൂഢാലോചനക്ക് സംരക്ഷണമൊരുക്കുകയുമാണ് പോലീസ് ചെയ്തത്.

ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട തങ്ങൾ ജനാധിപത്യ രീതിയില്‍ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പുകളിൽ വിജയിക്കില്ലെന്ന ബോധ്യമുള്ളതിനാലാണ് ക്രിമിനൽ സംഘങ്ങൾക്ക് പകരം പോലീസിനെ ഉപയോഗിച്ച് സിപിഎം തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.

പോലീസിലെ ഒരുപറ്റം ക്രിമിനില്‍ രാഷ്ട്രീയ സ്വഭാവമുള്ള ഉദ്യോഗസ്ഥരാണ് ഇടതുസര്‍ക്കാരിന് വേണ്ടി ഗുണ്ടാ കൊട്ടേഷന്‍ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിണറായി വിജയനും സിപിഎമ്മിനും അടിമപ്പണിക്ക് ഇറങ്ങുന്ന പോലീസുകാര്‍ക്ക് എക്കാലവും അവരുടെ സംരക്ഷണം ഉണ്ടാകുമെന്ന് കരുതരുത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആര്‍ക്കും വന്നു കൊട്ടാവുന്ന ചെണ്ടയല്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ല് ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top