Kerala

കോഴിക്കോട് എട്ട് പേരെ കടിച്ചുപറിച്ച തെരുവ് നായക്ക് പേ വിഷബാധ

Posted on

കോഴിക്കോട്: കൂടരഞ്ഞിയില്‍ 8 പേരെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ. അക്രമകാരിയായ തെരുവ് നായയെ ഇന്നലെ വൈകീട്ടോടെ കൂടരഞ്ഞി ടൗണിന് സമീപമുള്ള കെട്ടിടത്തിന് പിറകില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വിഷബാധ സ്ഥിരീകരിച്ചത്.

അന്ന് വൈകിട്ട് തന്നെ തെരുവ് നായയെ പൂക്കോടേക്ക് എത്തിച്ചെങ്കിലും വൈകിയതിനാല്‍ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചത്. അതേസമയം നായയുടെ കടിയേറ്റ് പരിക്കേറ്റ എല്ലാവരും പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോ ഗ്ലോബുലിനും കഴിഞ്ഞ ദിവസം തന്നെ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഭൂരിഭാഗം പേര്‍ക്കും കടിയേറ്റ് ആഴത്തില്‍ മുറിവേറ്റിരുന്നു. അതേസമയം തെരുവ്‌നായ ആക്രമണത്തില്‍ ഇരകളായവര്‍ക്ക് 10,000 രൂപ വീതം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം പ്രത്യേക അജണ്ട വെച്ച് ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പറഞ്ഞു. ആന്റി റാബീസ് വാകസിന്‍ സ്വീകരിച്ച ചീട്ടുമായി എത്തുന്ന മുറയക്ക് ഇരകള്‍ക്ക് പണം ലഭ്യമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടുകൂടി ഇന്ന് പ്രദേശത്തു നിന്നും 13 ഓളം തെരുവ് നായകളെ പിടികൂടിയിട്ടുണ്ട്. ഇവയെ വന്ധ്യംകരണത്തിനായി എ.ബി.സി സെന്ററിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version