Kottayam

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി തിരിതെളിയുന്നു

കോട്ടയം:പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷപരിപാടികൾക്ക് ഈ മാസം 16-ാം തീയതി രാവിലെ 10 മണിക്ക് തുടക്കം കുറിക്കുന്നു. ബിഷപ് വയലിൽ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ആമുഖ വിവരണം നിർവ്വഹിക്കും. കേന്ദ്രസഹമന്ത്രി അഡ്വ. ജോർജ്ജ് കുര്യൻ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കോളേജിൻ്റെ സ്ഥാപകരും മാർഗ്ഗദർശികളുമായിരുന്ന മഹത് വ്യക്തികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പാലാ രൂപത മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ ഡോ ജോസഫ് തടത്തിൽ സംസാരിക്കും. സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയും പൂർവ്വവിദ്യാർത്ഥിയുമായ റോഷി അഗസ്റ്റിൻ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും.

ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിൻ്റെ മാതൃക കോട്ടയം പാർലമെൻ്റ് അംഗം അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് അനാഛാദനം ചെയ്യും. നവീകരിച്ച പരീക്ഷ വിഭാഗത്തിൻ്റെ താക്കോൽകൈമാറ്റം കർമ്മം നടത്തുന്നത് രാജ്യസഭാംഗമായ ജോസ് കെ. മാണിയാണ്. ക്യാമ്പസിൽ, മിയാവാക്കി മാതൃകയിൽ രൂപപ്പെടുത്തുന്ന നഗരവനത്തിൻ്റെ ഉദ്ഘാടനം പത്തനംതിട്ട എംപിയും പൂർവ്വവിദ്യാർത്ഥിയുമായ ആന്റോ ആന്റണി വൃക്ഷത്തൈ നട്ടു നിർവഹിക്കും.

ജൂബിലി മെമന്റോ പ്രകാശന കർമ്മം പാലാ എം.എൽ.എ മാണി സി. കാപ്പനും ജൂബിലിവർഷ സൂചകമായി 75 ചന്ദനതൈകൾ ക്യാമ്പസിൽ നടന്നതിൻ്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഷാജു വി. തുരുത്തനും നിർവ്വഹിക്കും.

ജൂബിലി വര്ഷത്തിലെ വിവിധ പരിപാടികളുടെ സംക്ഷിപ്‌താവരണം നടത്തുന്നത് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ പ്രസിഡൻ്റ് ഡിജോ കാപ്പനാണ്. നവീകരിച്ച ജിംനേഷ്യത്തിൻ്റെ താക്കോൽദാനം മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് നിർവ്വഹിക്കും. തുടർന്ന് വിശിഷ്‌ടാതിഥികളെ മെമന്റോ നല്‌കി ആദരിക്കുകയും ദേശീയഗാനത്തോടെ സമ്മേളനം അവസാനിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 1.30 മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് കോളേജിൽ വച്ചുനടന്ന പത്രസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.

കോളേജ് മാനേജർ റവ ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ
ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ. തോമസ്, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ജൂബിലി കമ്മറ്റി സെക്രട്ടറി ആഷിഷ് ജോസഫ്, പൂർവ്വവിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ്, ഡിജോ കാപ്പൻ, സെക്രട്ടറി ഡോ. സാബു ഡി മാത്യു എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top