കേന്ദ്ര ബജറ്റിലെ അവഗണനയില്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ ഇന്‍ഡ്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍. സഖ്യത്തില്‍ അംഗങ്ങളായ രാഷ്ട്രീയ പാര്‍ട്ടിയിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഇതിന് മറ്റ് പാര്‍ട്ടികളില്‍ നിന്ന് അംഗീകാരം ലഭിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെല്ലാം വിട്ടുനില്‍ക്കും എന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് നീത് ആയോഗ് യോഗം വിളിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. നേരത്തെ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മമത ഡല്‍ഹി യാത്ര റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കസേര സംരക്ഷണ ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും സഖ്യകക്ഷികളുടെ സംസ്താനങ്ങള്‍ക്കു ബജറ്റില്‍ വാരിക്കോരി പദ്ധതികള്‍ അനുവദിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളെ അവഗണിച്ചു എന്നാണ് ഇന്‍ഡ്യ മുന്നണി ഉയര്‍ത്തുന്ന വിമര്‍ശനം.