Kerala
എസ്എസ്എല്‍സി ഫലം വരുന്നതിന് മുന്‍പ് നാടുവിട്ടു; വിദ്യാര്‍ഥിക്ക് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും
പത്തനംതിട്ട: തിരുവല്ലയില്‍ എസ്എസ്എല്‍സി പരീക്ഷാ ഫലം വരുന്നതിനു മുന്‍പ് നാടുവിട്ട വിദ്യാര്‍ഥിക്ക് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും. ചുമത്രയില്‍ നിന്നു രണ്ടാഴ്ച മുന്‍പ് കാണാതായ കുട്ടിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
ഈ മാസം ഏഴിന് എസ്എസ്എല്‍സി പരീക്ഷാ ഫലം അറിയുന്നതിന് തലേ ദിവസമാണ് ഷൈന്‍ ജയിംസ് (15) വീട് വിട്ട് ഇറങ്ങിയത്.തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ കുട്ടി എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. പിന്നീട് എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
‘ഞാന്‍ പോവുകയാണ് എന്നെ ആരും അന്വേഷിക്കരുത്’ വീട് വിട്ടിറങ്ങുന്നതിന് മുന്‍പ് വിദ്യാര്‍ഥി എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്. മുത്തശ്ശി തിരുവല്ല നഗരസഭാ മുന്‍ കൗണ്‍സിലര്‍ പന്നിതടത്തില്‍ കെ കെ സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.
കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നല്‍കിയെങ്കിലും നാലാം ദിവസം മാത്രമാണ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചതെന്നും സാറാമ്മ ആരോപിച്ചു. കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി തിരുവല്ല റോഡില്‍ എത്തി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി. അവിടെ നിന്നു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് ബസില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.