തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവർണ്ണാവസരമായി കാണുന്നവരെ അയ്യപ്പൻ തിരിച്ചറിയുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വെർച്വൽ ക്യൂവുമായി മുന്നോട്ടുപോകുമെന്നും ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുവർണ്ണാവസരമായി കാണുന്നവർക്ക് പ്രതിപക്ഷ നേതാവ് ഇന്ധനം പകരരുതെന്നും പി എസ് പ്രശാന്ത് വിമർശിച്ചു. വെർച്വൽ ക്യു മാത്രം വിവാദം ആക്കരുത്. വെർച്വൽ ക്യൂ അട്ടിമറിച്ച് വിശ്വാസികളെ കയറ്റും എന്ന് പറയുന്നത് രാഷ്ട്രീയ താൽപര്യമാണ്. താൻ വിശ്വാസിയായ ബോർഡ് പ്രസിഡൻറ് ആണ്. വിശ്വാസികൾക്കൊപ്പം ദേവസ്വം ബോർഡ് നിൽക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡിന് തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനം. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട 14 തീരുമാനങ്ങളെടുത്തു. അതിൽ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് മാത്രം അടർത്തിയെടുത്ത് വിവാദമുണ്ടാക്കുകയാണ്. സിപിഐ അടക്കം ഉയർത്തിയ ആശങ്ക പരിശോധിക്കും. ഇപ്പോഴുള്ള തീരുമാനം അവസാന വാക്കല്ല. ഉത്തരവാദിത്തത്തിൽ നിന്ന് ദേവസ്വം ഒളിച്ചോടുന്നില്ലെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.