കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. പ്രതികള്‍ക്കുള്ള ശിക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിക്കും. കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടു.

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെ സൂരജിനെ കൊലപ്പെടുത്തി എന്നതാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരജ് നാരായണന്‍ , ടി പി കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കമുള്ള പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്.
എന്‍ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പേത്ത് രാധാകൃഷ്ണന്‍, നാഗത്താന്‍കോട്ട പ്രകാശന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

