Kerala

സോളാര്‍ സമര ഒത്തുത്തീര്‍പ്പ് വിവാദത്തില്‍ മൗനം തുടര്‍ന്ന് എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങള്‍

Posted on

തിരുവനന്തപുരം: സോളാര്‍ സമര ഒത്തുത്തീര്‍പ്പ് വിവാദത്തില്‍ മൗനം തുടര്‍ന്ന് എല്‍ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങള്‍. ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലും ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണവും പുറത്തുവന്നിട്ടും പരസ്യ പ്രതികരണത്തിന് നേതാക്കള്‍ തയ്യാറായിട്ടില്ല. ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണത്തോടെ വിവാദവും വെളിപ്പെടുത്തലും കോണ്‍ഗ്രസിനെ തിരിച്ചടിച്ചു എന്ന് സിപിഐഎം കരുതുന്നു. സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്തത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എന്ന ബ്രിട്ടാസിന്റെ വാദം എല്‍ഡിഎഫ് ആയുധമാക്കും. ബ്രിട്ടാസിനെ ചെറിയാന്‍ ഫിലിപ് തള്ളിപ്പറയാത്തതും സിപിഐഎമ്മിന് അനുകൂലമാണ്. അതേസമയം സമരം അവസാനിപ്പിക്കേണ്ടത് സിപിഐഎമ്മിന്റെ ആവശ്യമായിരുന്നു എന്ന വിമര്‍ശനം ആവര്‍ത്തിക്കുകയാണ് യുഡിഎഫ്. നേതാക്കള്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയാണ്.

എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്നും സമരം തീര്‍ക്കാന്‍ ഇടപെട്ടത് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസെന്നുമായിരുന്നു മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനം വ്യാപകമായിട്ടും ഇരുമുന്നണി നേതാക്കള്‍ ഇതില്‍ മൗനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version