തിരുവന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഞെട്ടിയിരിക്കുകയാണ് മലയാളം സിനിമ. പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്ത് കഴിഞ്ഞദിവസം താര സംഘടനയായ എഎംഎംഎയുടെ നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാദം കൊടുമ്പിരി കൊള്ളുമ്പോഴും മലയാള സിനിമയിലെ ‘വല്ല്യേട്ടന്മാരുടെ’ മൗനമാണ് ചര്‍ച്ചയാവുന്നത്. വിഷയത്തിൽ ഇതുവരെയും മമ്മൂട്ടിയും മോഹൻലാലും പ്രതികരിച്ചിട്ടില്ല.
സംഭവം നടന്ന ശേഷം ഇരുവരും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുവെച്ചു. ഈ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് ഇരുവരുടെയും അവസാന പോസ്റ്റ്. ഓഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതിനുശേഷം ഇരുവരും സാമൂഹ്യ മാധ്യമങ്ങൾ സിനിമ പ്രമോഷൻ പോലും നടത്തിയിട്ടില്ല. നിലപാട് പ്രഖ്യാപിക്കാത്തതിനാൽ കടുത്ത വിമർശനമാണ് താരങ്ങൾക്ക് നേരെ ഉയരുന്നത്. ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ അവസാന പോസ്റ്റുകൾക്ക് താഴെയാണ് വിമർശനങ്ങൾ ശക്തമാകുന്നത്. 11 ദിവസമായി താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നും കാണാനില്ലെന്ന് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.
ഇന്നലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കൂട്ടരാജി നടക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. മോഹൻലാൽ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചിരുന്നു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു മോഹൻലാലിന്റെ രാജി. രാജിയെ കുറിച്ച്, ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. എന്നാൽ നിരവധി താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടും മലയാളത്തിന്റെ താര രാജക്കന്മാർ അതിനെ സംബന്ധിച്ച് ഒന്നും മിണ്ടുന്നില്ലയെന്നാണ് വിമർശനം.
താര സംഘടനയായ എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ രാജിയില്‍ പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാറി നിന്നാല്‍ നയിക്കാന്‍ ആര്‍ക്കും കഴിയില്ലയെന്ന് ഗണേഷ് കുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. സംഘടന നശിച്ചു കാണമെന്ന് ആഗ്രഹിച്ചവര്‍ക്ക് സന്തോഷിക്കാം. താന്‍ ഉള്‍പ്പെടെയുള്ളവര്‍ കയ്യില്‍ നിന്നും കാശ് എടുത്താണ് ഈ സംഘടന പടുത്തുയര്‍ത്തിയതെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.
നിരവധി താരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രതികരണവുമായി എത്തിയത്. റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും എഎംഎംഎ അംഗവുമായ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണം. അങ്ങനെ മാത്രമെ ഇതിന് ഇവസാനം ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിന് പുറമെ ഷമ്മി തിലകൻ, ജയൻ ചേർത്തല, രേവതി, പ്രേംകുമാർ, മണിയൻപിള്ള രാജു, രചന നാരായണന്‍കുട്ടി,ഇന്ദ്രൻസ്, ജോമോൾ, ടൊവിനോ തുടങ്ങി നിരവധി താരങ്ങൾ നേരിട്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.