ആലപ്പുഴ: എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷം പരാജയപ്പെട്ടതിനു കാരണം അവര്‍ സാധാരണക്കാരെ മറന്നുപോയി എന്നതുകൊണ്ടാണ്.
അത് സാധാരണ പാർട്ടി പ്രവർത്തകർക്കറിയാം. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെ തഴയുകയാണ് ചെയ്യുന്നത്. എസ്എന്‍ഡിപിയുടെ മൂല്യം എംവി ഗോവിന്ദന്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് മനസ്സിലായെങ്കിൽ സന്തോഷമുണ്ട്. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. പിണറായിയുടെ നാടായ വടക്ക് ഇടതുപക്ഷത്തിന് വോട്ടു കിട്ടാതിരുന്നത് എന്തുകൊണ്ടാണ്?. എസ്ഡിപിഐക്കാർ മുതൽ സിപിഎമ്മുകാർ വരെ എസ് എൻഡിപിയിലുണ്ട്. ഇത് സമുദായപ്രസ്ഥാനമാണ്.
സത്യം പറയുമ്പോൾ താൻ സംഘപരിവാർ ആണെന്ന് പറയരുതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിഷയങ്ങൾ പറയുമ്പോൾ തന്നെ കാവിവത്കരിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് താൻ എതിരായിരുന്നു. കോടതി ഉത്തരവ് നിരാശാജനകമെന്ന് പറഞ്ഞു. എന്നാൽ തെരുവുയുദ്ധത്തിന് പോകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി.