India
സിമി നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയതായി അമിത് ഷാ എക്‌സില്‍ കുറിച്ചു.
രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്റ്റംബര്‍ 11 ആക്രമണത്തെത്തുടര്‍ന്ന് 2001ലാണ് സിമിയെ ആദ്യമായി നിരോധിക്കുന്നത്. പിന്നീട് കാലാകാലങ്ങളില്‍ നിരോധനം നീട്ടി. ഏറ്റവുമൊടുവില്‍, 2019 ജനുവരി 31ന് അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടി. യുഎപിഎ പ്രകാരമായിരുന്നു നടപടി. സിമി പ്രവര്‍ത്തകരുടെ പങ്കാളിത്തം ആരോപിക്കുന്ന 58ഓളം കേസുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടികപ്പെടുത്തിയിരുന്നു. 2014ലെ ഭോപ്പാലിലെ ജയില്‍ തകര്‍ക്കല്‍, 2014ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2017ല്‍ ബോധ്ഗയയിലുമുണ്ടായ ആക്രമണങ്ങളും ഉള്‍പ്പെടുന്നതായിരുന്നു കേന്ദ്രത്തിന്റെ പട്ടിക. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സിമിയെ അഞ്ച് വര്‍ഷത്തേക്ക് കൂടി നിരോധിച്ചത്. 2019 ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുക്ത ഗുപ്ത ഉള്‍പ്പെട്ട യുഎപിഎ ട്രിബ്യൂണല്‍ 2019 ജനുവരിയിലെ നിരോധനം ശരിവെക്കുകയും ചെയ്തു.