Kerala

വ്യാപാരികളും പൊതുജനങ്ങളും പാലാ നഗരസഭയിൽ കെട്ടിട നികുതി യഥാസമയം അടക്കണമെങ്കിൽ ശുക്രദശ തെളിയേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി

Posted on

 

പാലാ : നഗരത്തിലെ വ്യാപാരികളും പൊതുജനങ്ങളും പാലാ നഗരസഭയിൽ കെട്ടിട നികുതി യഥാസമയം അടക്കണമെങ്കിൽ ശുക്രദശ തെളിയേണ്ട അവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർ സിജി ടോണി കുറ്റപ്പെടുത്തി.

 

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ സ്മാർട്ട് ആപിൽ കെട്ടിട നികുതി പണം അടവാക്കണമെങ്കിൽ വസ്തു ഉടമസ്ഥൻ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയാൽ മാത്രം പോര, ഭാഗ്യം കൂടി വേണം എന്നതാണ് നിലവിലെ അവസ്ഥ. മാർച്ച് മാസത്തിനകമായി കെട്ടിട നികുതി കുടിശ്ശിഖ നഗരസഭ റവന്യൂ വിഭാഗത്തിൽ അടവാക്കണമെന്ന് നഗരസഭ വ്യാപകമായ പരസ്യം നൽകിയിരുന്നു. പണം അടവാക്കാനായി നഗരത്തിലെ നാല് മേഖലകളിലായി പ്രത്യേകമായ ക്യാമ്പും ഇതിനായി സംഘടിപ്പിച്ചിരുന്നു. കെട്ടിട നികുതി വാങ്ങാനായി തയ്യാറാക്കിയ ആപ് യഥാർത്ഥത്തിൽ പൊതുജനത്തിന്റെ നെഞ്ചത്ത് തറച്ച് കയറുന്ന യഥാർത്ഥ ആപ്പായി മാറിയിരിക്കുകയാണ്. മണിക്കൂറുകളോളം കാത്ത് നിന്നിട്ടും പലർക്കും പ്രസ്തുത ആപ് വഴി പണം അടക്കാൻ സാധിക്കുന്നില്ല.

 

നഗരസഭയിൽ നേരിട്ട് ചെന്നാലും പ്രസ്തുത ആപ് വില്ലനായി നിൽക്കുകയാണ്. പ്രസ്തുത ആപ് വഴി മാത്രമേ ടാക്സ് തുക നഗരസഭയിൽ നേരിട്ടും സ്വീകരിക്കുകയുള്ളൂ എന്നതാണ് പ്രശ്നം.മാർച്ച് മാസത്തിന് ശേഷം ടാക്സ് കുടിശ്ശിക തുകയ്ക്ക് പലിശയും പിഴപ്പലിശയും കൂട്ടി ഭീമമായ തുക പലർക്കും നഗരസഭയിൽ അടക്കേണ്ടി വരുമെന്നതാണ് നിലവിലെ സാഹചര്യം.

 

ഇത് മൂലം പാലാ നഗരത്തിലെ വ്യാപാരികളും വലിയ പ്രതിസന്ധി നേരിടുകയാണ്. കെട്ടിട നികുതി അടക്കാതെ നഗരസഭ ലൈസൻസ് പുതുക്കി നൽകുകയില്ല.നഗരസഭ ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകിയെന്നത് ആശ്വാസകരമായ തീരുമാനമല്ല. വ്യാപാരി വ്യവസായികൾക്ക് ലോൺ എടുക്കുന്നതിനും ഇൻകം ടാക്സ് സെയിൽ ടാക്സ് ആവശ്യങ്ങൾക്കും പുതുക്കിയ കെട്ടിട ലൈസൻസ് ആവശ്യമാണ്. വൈകി ലഭിക്കുന്ന ലൈസൻസ് വ്യാപാരികളോടുള്ള നീതി നിഷേധമാണ്.

 

യഥാ സമയം പണം ഒടുക്കാൻ തയ്യാറാണെങ്കിലും ആയത് നിയമാനുസൃതം വാങ്ങി രസീത് നൽകാൻ നഗരസഭയ്ക്ക് കഴിയാത്തതിൽ വലിയ പ്രതിക്ഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കൊച്ചിടപ്പാടി വാർഡിലെ ഉൾപ്പെടെ പാലാ നഗരസഭയിലെ നിരവധി വ്യക്തികൾ തങ്ങളുടെ പണം എങ്ങനെ നഗരസഭയിൽ അടക്കണമെന്നറിയാതെ കുഴയുകയാണ്. പണം അടക്കാതിരുന്നാൽ ആയത് പിന്നീട് വ്യക്തിയുടെയും സ്ഥാപനത്തിന്റെയും ബാധ്യതയായി മാറുമെന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

ജനങ്ങളെ സഹായക്കാനെന്ന നിലയിൽ കൊണ്ടു വന്ന കെ സ്മാർട്ട് സംവിധാനം യഥാർത്ഥത്തിൽ വലിയ ബുദ്ധിമുട്ടാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

വിഷയത്തിൽ ഇലക്ഷൻ പെരുമാറ്റ ചട്ടത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് പരിഹാരം കാണാൻ ഭരണ നേതൃത്വം നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിലർ സിജി ടോണി തോട്ടത്തിൽ ആവശ്യപ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version