കൊച്ചി: പീഡനപരാതിയില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും സിദ്ദിഖിനെ അറസ്റ്റുചെയ്യാനായി അന്വേഷണസംഘം തിരച്ചില്‍ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി പരാതിക്കാരി. ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങള്‍ ചെയ്തതിനുള്ളത് തിരിച്ചുകിട്ടും എന്നാണ് പരാതിക്കാരി ഫേസ്ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
അതേസമയം സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശബ്ദതയില്‍ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.
സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. സിദ്ദിഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരായ സിദ്ദിഖിന്റെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, രൂക്ഷ വിമര്‍ശനവുമുന്നയിച്ചു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്ന വാദം അനാവശ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കി.