Kerala
ഡോക്ടറേറ്റ് നേടാന്‍ സിനിമകള്‍ ഒഴിവാക്കിയെന്ന് സിദ്ധാർഥ് ശിവ; റീമേക്ക് സിനിമാ പഠനത്തിന് സംവിധായകന് എംജിയില്‍ നിന്നും പിഎച്ച്ഡി
മികച്ച നടനും സംവിധായകനുമാണ് സിദ്ധാർഥ് ശിവ. നടനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും ഒരുപോലെ ശോഭിക്കാന്‍ കഴിഞ്ഞതാണ് ശിവയുടെ നേട്ടം. രണ്ട് തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ശിവയെ തേടി വന്നത്. തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘101 ചോദ്യങ്ങള്‍’ക്ക് മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ആണ് സംവിധാനം ചെയ്ത ‘ഐൻ’ സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ ‘പുനരാവിഷ്കാരവും മലയാള സിനിമയും – ഒരു സാംസ്കാരിക വിലയിരുത്തൽ’ എന്ന വിഷയത്തില്‍ എംജി സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയിരിക്കുകയാണ് ശിവ.
കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഡോക്ടറേറ്റ് ഏറ്റുവാങ്ങി. ഏഴു വര്‍ഷത്തെ കഠിനപ്രയത്നത്തിന്റെ ഫലമായാണ് പിഎച്ച്ഡി ലഭിച്ചതെന്ന് ശിവ പറഞ്ഞു. “സിനിമകളുടെ തിരക്കിനിടയിലാണ് പിഎച്ച്ഡിക്ക് തയ്യാറെടുത്തത്. അതുകൊണ്ട് തന്നെ പ്രയത്നം നീണ്ടുപോയി. ഒടുവില്‍ സിനിമകള്‍ ഒഴിവാക്കി പിഎച്ച്ഡിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.” ശിവ പറഞ്ഞു.
“റീമേക്ക് സിനിമകളെ കുറിച്ചുള്ള പഠനമാണ് നടത്തിയത്. അക്കാദമികമായി പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിത്. ഡോ. ജോസ്.കെ.മാനുവല്‍ ആയിരുന്നു ഗൈഡ്. അദ്ദേഹം ഒപ്പം നിന്നതിനാല്‍ വലിയ ആത്മവിശ്വാസമായി. അദ്ദേഹത്തിന്റെ മേഖലയും സിനിമ പഠനമാണ്. രണ്ട് സിനിമകളാണ് ഇതിനിടയില്‍ സംവിധാനം ചെയ്തത്. 2017-ല്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത സഖാവും, പാര്‍വതി തിരുവോത്തിനെ നായികയാക്കി ചെയ്ത വര്‍ത്തമാനവും. ഈ തിരക്കുകള്‍ക്കിടയിലാണ് പിഎച്ച്ഡിയും എടുത്തത്. നടന്‍ സുധീഷ്, ജിയോ ബേബി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു. എന്റെ അടുത്ത സുഹൃത്തുകള്‍ ആയതിനാലാണ് അവര്‍ വന്നത്.”
“ഇനി സിനിമകളില്‍ സജീവമായി ഇറങ്ങാന്‍ തന്നെയാണ് തീരുമാനം. സംവിധാനമാണ് എനിക്ക് ഇഷ്ടം. ഒരുപാട് വെല്ലുവിളികള്‍ സംവിധാനത്തിലുണ്ട്. മികച്ച റോളുകള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറുമാണ്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആലോചിച്ചതാണ്. ആ പ്രോജക്റ്റ് മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.” – ശിവ പറയുന്നു.
പ്രമുഖ സംവിധായകന്‍ ശിവപ്രസാദിന്റെ മകനാണ് സിദ്ധാർഥ് ശിവ. എന്നാല്‍ സിനിമയിലേക്ക് വഴി തെളിച്ചത് അച്ഛനല്ലെന്നും സ്വന്തം തീരുമാനപ്രകാരം ആയിരുന്നുവെന്നുമാണ് ശിവ പറഞ്ഞത്. ടെലി ഫിലിമുകളും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തുകൊണ്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും മാറി.
‘101 ചോദ്യങ്ങള്‍’ക്ക് 2012ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചപ്പോള്‍ തന്നെ ശിവ സിനിമാരംഗത്ത് ശ്രദ്ധേയനായി മാറി. രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍ വീണ്ടും ദേശീയ പുരസ്കാരം ശിവയെ തേടി എത്തി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരമാണ് ‘ഐന്‍’ നേടിയത്. 2021ല്‍ ‘എന്നിവര്‍’ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. ഇത് കൂടാതെ സഹീര്‍, ചതുരം, കുഞ്ചാക്കോ ബോബന്‍ നായകനായ കൊച്ചൗവ്വ പൗലോ അയപ്പ കോയ്‌ലോ എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് സിനിമകള്‍. നടനെന്ന നിലയില്‍ കലണ്ടർ, ഋതു, ഇവർ വിവാഹിതരായാൽ, ബോഡിഗാർഡ്, സഹസ്രം, കുടുംബശ്രീ ട്രാവൽസ്, തേജാഭായ് ആന്റ് ഫാമിലി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.