Kerala
സിദ്ധാര്‍ത്ഥിന്റെ മരണം ദൗര്‍ഭാഗ്യകരം; ധാര്‍മ്മികതയില്ലാത്ത പ്രവര്‍ത്തകരെ സംരക്ഷിക്കില്ല: എസ്എഫ്‌ഐ
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് എസ്എഫ്‌ഐ. രാഷ്ട്രീയപ്രേരിതമല്ലെങ്കില്‍ കൂടിയും, ദൗര്‍ഭാര്യകരമായ സംഭവത്തിലെ ആരോപണ വിധേയരായ മുഴുവന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ആദ്യമേ പുറത്താക്കിയെന്ന് സംസ്ഥാന പ്രസിഡന്റെ അനുശ്രി പ്രതികരിച്ചു. സിദ്ധാര്‍ത്ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ധീരജ് ഉള്‍പ്പെടെ 35 വിദ്യാര്‍ത്ഥികളെ നഷ്ട്ടപ്പെട്ട പ്രസ്ഥാനം നാളിതുവരെ ഉയര്‍ത്തിപിടിച്ച ധാര്‍മ്മികതയെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പ്രവര്‍ത്തകരെ ഒരുഘട്ടത്തിലും സംരക്ഷിക്കാന്‍ തയ്യാറല്ല. നിരുപാധികം സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോടൊപ്പമാണെന്നും അനുശ്രി പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്‍പതു പേരാണ് ഇതുവരേയും അറസ്റ്റിലായിരിക്കുന്നത്. എസ് എഫ് ഐ യൂണിറ്റ് നേതാവായ മാനന്തവാടി സ്വദേശി അമല്‍ ഇഹ്‌സാന്‍, കണിയാരം സ്വദേശി അരുണ്‍ എന്നീ പ്രതികള്‍ ഇന്നലെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കേസിലെ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രാത്രിയോടെയാണ് രണ്ടു പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അതിനിടെ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ ഗവര്‍ണര്‍ ഇന്ന് സന്ദര്‍ശിച്ചേക്കും.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പുറത്തേക്ക് വരുന്നത്. രാഷ്ട്രീയ പ്രേരിതമല്ലെങ്കില്‍ കൂടിയും,ദൗര്‍ഭാഗ്യകരമായ സംഭവത്തിലെ ആരോപണ വിധേയരായ SFI പ്രവര്‍ത്തകരെ മുഴുവന്‍ സംഘടന ആദ്യഘട്ടം തന്നെ പുറത്താക്കുകയും സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ധീരജ് ഉള്‍പ്പെടെ 35 വിദ്യാര്‍ത്ഥികളെ നഷ്ട്ടപ്പെട്ട പ്രസ്ഥാനം നാളിതുവരെ ഉയര്‍ത്തിപിടിച്ച ധാര്‍മ്മികതയെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പ്രവര്‍ത്തകരെ ഒരുഘട്ടത്തിലും സംരക്ഷിക്കാന്‍ തയ്യാറല്ല.
സിദ്ധാര്‍ഥന്റെ രക്ഷിതാക്കള്‍ക്ക് നല്‍ക്കാനുള്ളത് ഈ ഉറപ്പാണ്.
നിരുപാധികം ആ കുടുംബത്തിന്റെ വേദനയോടൊപ്പമാണ്.