ഭൂമിയിടപാട് കേസിൽ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയത് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി. അസാധാരണ സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഈ തീരുമാനമെടുത്തതെന്നും ആ സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം.പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ച നടപടിയാണ് ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ നടപടിക്ക് വഴിവച്ചത്. മൈസൂരു നഗരവികസന അതോറിറ്റി (മുഡ)ക്ക് പാര്‍വതി ഭൂമി നല്‍കിയപ്പോള്‍ പകരം ഭൂമിയാണ് ‘മുഡ’ പാര്‍വതിക്ക് നല്‍കിയത്. വിലപിടിപ്പുള്ള സ്ഥലത്ത് ഭൂമി കൈമാറിയതോടെ സർക്കാർ ഖജനാവിന് 55.8 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി വന്നത്. സിദ്ധരാമയ്യയ്ക്ക് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. അബ്രാഹം ഉൾപ്പെടെ മൂന്നുപേർ നൽകിയ പരാതികളിലാണ് നടപടി.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് ‘മുഡ’ മൈസൂരുവിൽ 14 പാർപ്പിടസ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയിരുന്നു. ഇതിലാണ് അഴിമതി ആരോപണം വന്നത്. ഭാര്യയുടെ സഹോദരന്‍ മല്ലികാർജുൻ പാർവതിക്ക് 3.16 ഏക്കർ ഭൂമി നല്‍കിയിരുന്നു. ഈ ഭൂമി ‘മുഡ’ ഏറ്റെടുത്താണ് പകരം സ്ഥലം മൈസൂരുവില്‍ അനുവദിച്ചത്. 2014ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാർവതി ഭൂമി കൈമാറ്റത്തിന് അപേക്ഷ നൽകിയത്. 2022 ജനുവരി അഞ്ചിന് പാർപ്പിടസ്ഥലങ്ങൾ കൈമാറി. ഇത് പിന്നെ വിവാദമായി.