കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസിന് അനാസ്ഥയുണ്ടായെന്ന് യുവതിയുടെ പിതാവ്. വിഷയത്തിൽ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ തൻ്റെ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭർത്താവ് യാസിറിൻ്റെ കൂടെ നിൽക്കാൻ താൽപര്യമില്ലെന്ന് മകൾ പറഞ്ഞിരുന്നു. കുഞ്ഞുള്ളത് കൊണ്ട് അവിടെ നിൽക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മകൾ തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അതോടെ മകളെ വീട്ടിലേക്ക് കൂട്ടി. വിഷയത്തിൽ പള്ളിക്കമ്മറ്റി ഇടപെട്ടു. എന്നാൽ യാസിറിൻ്റെ പിതാവ് പള്ളിക്കമ്മറ്റി പറഞ്ഞപ്പോൾ വരാൻ തയ്യാറായില്ല. യാസിർ പലതവണ വീട്ടിൽ മദ്യപിച്ച് വന്നു. നന്നാകുമെന്നാണ് ഷിബില പ്രതീക്ഷിച്ചിരുന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
28-ാം തീയതി താമരശ്ശേരി സ്റ്റേഷനിൽ വിശദമായ പരാതി നൽകി. യാസിർ സ്റ്റേഷനിൽ വെച്ച് പൊലീസിനോട് കയർത്ത് സംസാരിച്ചു. കൊലയ്ക്ക് ഉത്തരവാദി യാസിറിൻ്റെ ഉമ്മയും ഉപ്പയുമാണെന്നും പിതാവ് ആരോപിച്ചു.

