കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വനിതയായി ഗ്രീഷ്മ. പാറശാല സ്വദേശി ഷാരോണിനെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
ഇതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഗ്രീഷ്മ മാറി. നിലവിൽ ഒരു വനിതാ കുറ്റവാളി മാത്രമാണ് വധശിക്ഷ കാത്ത് സംസ്ഥാനത്ത് ജയിലിൽ കഴിയുന്നത്. വിഴിഞ്ഞത്ത് ശാന്തകുമാരി എന്ന വയോധികയെ മോഷണത്തിനായി കൊന്ന് ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതി റഫീഖ ബീവി. ഈ പട്ടികയിലേക്കാണ് ഗ്രീഷ്മ കൂടി ചേരുന്നത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് ഈ രണ്ടു കേസുകളിലും വിധി പറഞ്ഞത് എന്നതും ശ്രദ്ധേയമായി.
11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഷാരോൺ മരണത്തോട് മല്ലിട്ടുവെന്ന് വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതി പറഞ്ഞു. ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ട കാര്യം ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹക്കുന്ന ഒരാളെയും വിശ്വസിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഷാരോണിന്റെ ഭാഗത്ത് നിന്ന് മാനസിക സംഘർഷം ഉണ്ടായിരുന്നു എന്നാണ് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.