കോഴിക്കോട്: ഗോഡ്സെ അനുകൂല ഫേസ്ബുക്ക് കമന്റ് ഇട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാൻ കുന്ദമംഗലം പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഫേസ്ബുക്ക് കമന്റിന്റെ ആധികാരികത, ഇത്തരമൊരു കമൻറ് ഇടാനുള്ള സാഹചര്യം എന്നിവ അറിയാനാണ് അധ്യാപികയെ വിളിച്ചുവരുത്തുന്നത്.
ഷൈജ ആണ്ടവന്റെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇന്നലെ എൻഐടി രജിസ്ട്രാർ കുന്നമംഗലം പൊലീസിന് കൈമാറിയിരുന്നു. ഇവർക്കൊപ്പം കമൻ്റുകൾ ഇട്ട മറ്റ് ആളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ ഉൾപ്പെടെ ഐ പി അഡ്രസ് കണ്ടെത്താൻ സൈബർ പൊലീസും അന്വേഷണം തുടങ്ങി. ഇത് കിട്ടിയ ശേഷമാകും അധ്യാപകരെ നേരിട്ട് വിളിച്ചു വരുത്തുക. അതേസമയം, ഷൈജ ആണ്ടവൻ അവധിയിൽ ആണെന്നാണ് എൻ ഐ ടി അധികൃതർ നൽകുന്ന വിശദീകരണം.