താമരശ്ശേരി: ഷഹബാസ് കൊലക്കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ഥികളെ പോലീസ് സംരക്ഷണത്തിൽ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂളിലേക്ക് ഊമക്കത്ത്.

വൃത്തിയുള്ള കൈപ്പടയില്‍ എഴുതി സാധാരണ തപാലിലാണ് താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപന് കത്ത് ലഭിച്ചത്. സ്‌കൂള്‍ അധികൃതര്‍ താമരശ്ശേരി പോലീസില്‍ വിവരമറിയിക്കുകയും പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള കേസായതിനാല്‍ അതീവരഹസ്യമായാണ് ഇത് സംബന്ധിച്ച അന്വേഷണം.
കേസില്‍ ആദ്യം പിടിയിലായ അഞ്ച് വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടെ സ്‌കൂളില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ചതിന് മുമ്പാണ് കത്ത് അയച്ചിരിക്കുന്നത്. ഷഹബാസിനെതിരേ നടന്ന അക്രമത്തില്‍ അമര്‍ഷം രേഖപ്പെടുത്തുകയും കുറ്റാരോപിതര്‍ക്കെതിരേ കൊലവിളി നടത്തുകയും ചെയ്യുന്ന കത്താണ് വിലാസം രേഖപ്പെടുത്താതെ അയച്ചിരിക്കുന്നത്.

