കൊച്ചി: ഡോ. ഷഹ്നയുടെ മരണത്തില്‍ പ്രതി ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തു. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുനഃപ്രവേശനം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും ഉത്തരവുണ്ട്.
സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി ഡോ. ഷഹന ആത്മഹത്യ ചെയ്തത്. സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനിയായ ഷഹനയെ ഡിസംബർ നാലിന് രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എല്ലാവർക്കും പണമാണ് വലുതെന്ന് ആത്മഹത്യാക്കുറിപ്പിൽ ഷഹന എഴുതിയിരുന്നു. ജൂനിയർ ഡോക്ടർ റുവൈസുമായി ഷഹ്ന പ്രണയത്തിലായിരുന്നു. വിവാഹക്കാര്യം വന്നപ്പോൾ റുവൈസിന്റെ പിതാവ് സ്ത്രീധനം ആവശ്യപ്പെടുകയും റുവൈസ് പിതാവിന്റെ തീരുമാനത്തിനൊപ്പം നിൽക്കുകയും ചെയ്തതോടെ വിവാഹം മുടങ്ങുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് റുവൈസ്. കേസില്‍ റുവൈസിന് കോടതി ജാമ്യം നല്‍കിയിരുന്നു.