താമരശേരിയിൽ പത്താംക്ലാസുകാരൻ ഷഹബാസ് സഹപാഠികളുടെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി കുടുംബം. മകനെ കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോൾ കാണാനാണ് നീക്കം. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്ന് നിലപാടിലാണ് തുടക്കം മുതലേ ഷഹബാസിന്റെ കുടുംബം.

സംഭവത്തിൽ ആറ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഇവരെ പരീക്ഷ എഴുതിപ്പിച്ചതിൽ കടുത്ത പ്രതിഷേധങ്ങളും ഉയർന്നിരുന്നു. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു ഷഹബാസ്. ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷത്തെ തുടർന്ന് ഫെബ്രുവരി 27ന് വൈകിട്ടാണ് ഷഹബാസിനെ താമരശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചത്. രാത്രിയോടെ ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പ്രതികളാണ് വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

