Kerala

എസ്എഫ്‌ഐ ചോരക്കൊതി മാറാത്ത ക്രിമിനലുകളുടെ കൂട്ടം; പ്രതിപക്ഷ നേതാവ്

കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെഎസ്‌യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്.എഫ്.ഐ ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ലെന്നും സതീശന്‍ പ്രസ്താവനയില്‍ വ്യ്ക്തമാക്കി.

പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്എഫ്‌ഐ ക്രിമിനല്‍ സംഘത്തിന് സര്‍ക്കാരും പൊലീസുമാണ് സംരക്ഷണമൊരുക്കുന്നത്. കൊട്ടേഷന്‍- ലഹരിക്കടത്ത് സംഘങ്ങളുടെ തലവന്‍മാരായ സംസ്ഥാനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വവും നേതാക്കളും തന്നെയാണ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെയും അധമ വഴികളിലേക്ക് നയിക്കുന്നത്. സി.പി.എം നേതൃത്വത്തെ ബാധിച്ച ജീര്‍ണതയാണ് അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളിലും കാണുന്നതെന്നും സതീശന്‍ ആരോപിച്ചു.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എംഎല്‍എമാരായ എം.വിന്‍സെന്റിനേയും ചാണ്ടി ഉമ്മനേയും എസ്എഫ്‌ഐ ക്രിമിനലുകള്‍ ആക്രമിച്ചു. പൊലീസിന്റെ സംരക്ഷണയിലാണ് എംഎല്‍എമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകള്‍ക്ക് കുട പിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കാമ്പസുകളില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതികരിച്ചു തുടങ്ങിയെന്ന് നേതൃത്വം ഇനിയെങ്കിലും ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനമല്ല കൊടും ക്രൂരതയാണ് എസ്.എഫ്.ഐ ക്രിമനലുകള്‍ കാമ്പസുകളില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും മനസിലാക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top