Kerala
കേരള യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. സംസ്കൃത ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാർ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആണ് കേരള യൂണിവേഴ്സിറ്റി ക്യാമ്പസിലെ എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധിച്ചത്.
സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം പോലീസുമായുള്ള സംഘര്‍ഷത്തിനിടയാക്കി. സെനറ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെ സെനറ്റ് ഹാളിനകത്തുള്ള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ഗവര്‍ണര്‍ പുറത്തേക്കിറങ്ങുന്ന രണ്ട് കതകിനു മുന്നിലും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇരിക്കുകയാണ്.
പ്രവര്‍ത്തകരെ കതകിനു സമീപത്തുനിന്ന് നീക്കിയാല്‍ മാത്രമേ പുറത്തിറങ്ങാനാവു. സര്‍വകലാശാലാ വി.സി. നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്.എഫ്.ഐ.യുടെ പ്രതിഷേധം