എസ്എഫ്ഐ നേതാവിനെ പീഡനക്കേസിൽ റിമാൻഡ് ചെയ്തു. തൃശൂര്‍ കേരള വർമ കോളേജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി സനീഷിനെ(26) ആണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ മുൻ വിദ്യാർത്ഥിയും മുൻ എസ്എഫ്ഐ പ്രവർത്തകയുമായ പെൺകുട്ടിയാണ് പരാതി നൽകിയത്. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഒല്ലൂർ മുൻ ഏരിയ സെക്രട്ടറിയും ആയിരുന്ന സനീഷിനെ പരാതിക്ക് പിന്നാലെ സംഘടനയിൽ നിന്നും പുറത്താക്കി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സംഭവം. പ്രതിയുമായി പ്രണയത്തിലായിരുന്ന യുവതി ബന്ധത്തിൽ നിന്നും പിൻമാറിയതിനെ തുടർന്നാണ് പീഡനം നടന്നത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ സംസാരിക്കാം എന്ന് പറഞ്ഞ് യുവതിയെ ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷം മുറിയടച്ചിട്ടാണ് പീഡിപ്പിച്ചത്. സംഭവശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടി കോളേജിലെ പഠനം അവസാനിപ്പിക്കുകയായിരുന്നു.
ടിസി വാങ്ങിപ്പോയ യുവതി നിരവധി തവണ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് വിവരം. കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടി അതിനെയൊക്കെ അതിജീവിച്ച ശേഷമാണ് പരാതിപ്പെട്ടത്. ഇരയുടെ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയും നൽകിയിട്ടുണ്ട്.